തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) വാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ഓടെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ-വൈക്കം റോഡിലായിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാവിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവര് ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്നു മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിനുശേഷമായിരുന്നു ശസ്ത്രക്രിയ. നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡുകൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണു കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു. സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റു കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭത്തെത്തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.